പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ സിപിഐയുടെ ക്ലീൻ ഇമേജും പമ്പ കടക്കുമോ?

തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിൽ കേരളം കത്തിനിൽക്കുമ്പോഴാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രമുഖ നേതാവ് തന്നെ അറസ്റ്റിലായിരിക്കുന്നത്. മുൻ എംഎൽഎ കൂടിയായ എ പത്മകുമാർ സിപിഎമ്മിന്റെ ശക്തനായ നേതാവ് കൂടിയാണ്. അതുകൊണ്ട് തന്നെ പത്മകുമാറിന്റെ അറസ്റ്റിനെ പ്രതിരോധിക്കുക എന്നത് സിപിഎമ്മിനും ഇടതുപക്ഷത്തിനും ശ്രമകരമായ ജോലിയാണ്. അതേസമയം, പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസും ബിജെപിയും.
പത്മകുമാർ അറസ്റ്റിലായതോടെ സിപിഐയും അങ്കലാപ്പിലാണ്. ശ്രീകോവിലിലെ സ്വർണപ്പാളികൾ അഴിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോകാൻ തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയത് ആ സമയത്തെ ദേവസ്വം ബോർഡാണ്. തട്ടിപ്പിന് വഴിയൊരുക്കിയ തീരുമാനത്തിലെയും പിന്നാലെ ഉണ്ടായ അലംഭാവത്തിലെയും ഉത്തരവാദിത്തം പ്രസിഡന്റിനും ബോർഡ് അംഗങ്ങൾക്കും ഒന്നുപോലെയാണ്. സിപിഐയുടെ കെ.പി. ശങ്കരദാസ്, സിപിഎമ്മിന്റെ എൻ. വിജയകുമാർ എന്നിവരാണ് അന്നത്തെ അംഗങ്ങൾ. ഇതിനോടകം ഇവരെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഇവരിലേക്കും അന്വേഷണം എത്തുകയും അറസ്റ്റ് ഉണ്ടാകുകയും ചെയ്താൽ സിപിഐയുടെ ക്ലീൻ ഇമേജിന് വലിയ കളങ്കം സംഭവിക്കുമെന്ന ആശങ്ക സിപിഐ നേതൃത്വത്തിനുമുണ്ട്.
ഇതു മുമ്പ് എൻ. വാസുവിനെ അറസ്റ്റു ചെയ്തപ്പോൾ അന്നത്തെ ബോർഡിലെ മറ്റു അംഗങ്ങൾക്കെതിരായ തെളിവുകൾ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ തികച്ചും വ്യത്യസ്തമാണ്. ശബരിമല പാളികളിൽ സ്വർണം പൂശാൻ ഉപയോഗിച്ച ശേഷം ബാക്കിയുണ്ടായ സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി ചോദിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി അയച്ച ഇമെയിൽ നേരിട്ട് എത്തിയതും അദ്ദേഹം അത് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യാതെ ഉദ്യോഗസ്ഥർക്ക് ഫോർവേഡ് ചെയ്തതും ശക്തമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കം 15 പേർ പ്രതികളായ കേസിൽ ഇതുവരെ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. പത്മകുമാറും വാസുവും നൽകിയ മൊഴികളിൽ പ്രതിചേർക്കാത്ത പ്രമുഖർക്കെതിരെയുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം—അവരുടെ പങ്കും ഉടൻ പരിശോധിക്കപ്പെടും. ആവശ്യമെങ്കിൽ പുതിയ പേരുകളും കുറ്റപ്പട്ടികയിൽ എത്താൻ സാധ്യത ഉണ്ട്.
അതേ സമയം, ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ ദ്വാരപാലക ശിൽപപാളികൾ വീണ്ടും അഴിച്ച് സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019 ലെ സ്വർണക്കൊള്ള മറയ്ക്കാനുള്ള ശ്രമമാണിതെന്ന സംശയവും കോടതി ഉത്തരവിൽ പരാമർശിക്കുന്നു. ഇതോടെ അന്വേഷണത്തിന്റെ തീവ്രത ഇപ്പോൾ മുൻ ദേവസ്വം ബോർഡിലേക്കും നീങ്ങുന്ന സൂചനയാണ് നൽകുന്നത്.











